കൊച്ചിയുടെ പുതിയ ഹൃദയം ,

Johnys - Malayalam

കൊച്ചിയുടെ  പുതിയ ഹൃദയം

കേരളത്തിലെ ഏറ്റവും വലിയ ട്രേഡിങ്ങ്  സെന്ററുകളിൽ  ഒന്നായി ഇടപ്പള്ളി മാറുമ്പോൾ റിയൽ എസ്റ്റേറ്റ് നിക്ഷേപകരുടെ സ്വപ്ന ഭൂമിയായിതീർന്നിരിക്കുന്നു ഇവിടം

ഏതാനും വർഷം മുമ്പുവരെ റോഡിനിരുവശവും വിൽപ്പന മുരടിച്ച ചെറുകിട വ്യാപാര കേന്ദ്രങ്ങൾ നിരന്നിരുന്ന ഇടപ്പള്ളിയുടെ മുഖഛായ ഇന്ന് ഏറെ മാറിയിരിക്കുന്നു. ലുലു ഷോപ്പിങ് മാളിൻറെ വരവ് ഇടപ്പള്ളിയുടെ വളർച്ചയിൽ നിർണായകമായിത്തീരുന്നു. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ വ്യാപാരകേന്ദ്രങ്ങളിലൊന്നാണ്  ഇവിടം. ഷോപ്പിംഗ് എക്സ്പീരിയൻസിനായി  ദൂരെ ദിക്കുകളിൽ നിന്നുവരെ പതിനായിരങ്ങളാണ് ഇപ്പോൾ നിത്യവും ഇവിടേക്ക് ഒഴുകുന്നത്. ഇതോടെ കൊച്ചിയിലെ പുതിയ റിയൽ എസ്റ്റേറ്റ് ഡെസ്റ്റിനേഷനായും ഇടപ്പള്ളി മാറി. ഷോപ്പിംഗ് മാൾ ഷോപ്പിംഗ് ഉത്സവ കേന്ദ്രങ്ങളായി മാറാൻ ഇനി അധികം കാലതാമസമില്ല. ഹോട്ടൽ സമുച്ചയങ്ങൾ, അമ്യൂസ്മെന്റ് പാർക്ക് തുടങ്ങിയവ കൂടി ഇവിടെ  ഇടം പിടിക്കുന്നതോടെ ജനങ്ങളുടെ  ഇപ്പോഴത്തെ ഒഴുക്ക് പതിന്മടങ്ങാകും. അതോടെ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ ഇവിടെ മുളച്ചുപൊന്തും. ഇവർക്കുള്ള ഭവന ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞാൽ വലിയ റിയൽ എസ്റ്റേറ്റ് ബൂമിന് ഇവിടം വേദിയാകും എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.

മികച്ച റോഡ് കണക്ടിവിറ്റി

ഇടപ്പള്ളിയിലെ ബൈപാസ് ജംഗ്ഷനിലാണ് രണ്ട് നാഷ്ണൽ ഹൈവേകൾ ചേരുന്നത്. നാഷ്ണൽ ഹൈവേ  17 ഉം നാഷ്ണൽ ഹൈവേ 47 ഉം.എൻ.എച്ച് 17 ഇതുവഴി മഹാരാഷ്ട്രയിലെ പനവേലിവരെ  നീളുന്നു.പല ദിക്കിൽ നിന്ന് റോഡ് മാർഗം വേഗത്തിലെത്താം എന്നതാണ് ഇടപ്പള്ളിയെ വ്യാപാര സ്ഥാപനങ്ങളുടെ ഇഷ്ട കേന്ദ്രമാക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള ആശുപത്രികൾ, രാജ്യാന്തര ബ്രാൻഡഡ് ഓട്ടോ മൊബൈൽ ഷോറൂമുകൾ തുടങ്ങിയവ ഇടപ്പള്ളിയിൽ വേരുറപ്പിച്ചതും ഈ പ്രത്യേകതകൾകൊണ്ടു കൂടിയാണ്.

ഇടപ്പള്ളി വികസിക്കുന്നു

വളർച്ചയ്ക്ക് ഗതിവേഗം വർധിച്ചതോടെ ഇടപ്പള്ളിയുടെ വലിപ്പവും കൂടുകയാണ്. കൊച്ചി  നഗരത്തിലെ വിവിധ റോഡുകളെ ചുറ്റിപ്പറ്റി കടവന്ത്ര, പനമ്പിള്ളി നഗർ,ചിറ്റൂർ  തുടങ്ങിയ  സ്ഥലങ്ങൾ വികസിച്ചത് റിയൽ എസ്റ്റേറ്റ് ബിസിനസിലുള്ളവർക്ക് തുറന്നു നൽകിയത് വൻ അവസരങ്ങളാണ്. ഇത്തരത്തിലുള്ള അവസരമാണ് ഇടപ്പള്ളിയും ഇപ്പോൾ ഒരുക്കുന്നത്. കളമശേരി, മഞ്ഞുമ്മൽ തുടങ്ങിയ സ്ഥലങ്ങളും ഇപ്പോൾ ഇടപ്പള്ളിയുടെ ഭാഗമായി മാറി. അതോടെ ഇവിടങ്ങളിലെ സ്ഥലവിലയും ഗണ്യമായ വർധന അനുഭവപ്പെട്ടുതുടങ്ങി. ഇടപ്പള്ളി കേന്ദ്രീകരിച്ചുള്ള ഷോപ്പിംഗ് മാളുകൾ ഭാവനാ പൂർണമായ ഷോപ്പിംഗ് ഫെസ്റ്റിവലുകൾ ആവിഷ്കരിക്കുകയും  അവയ്ക്ക് ആവശ്യമായ പ്രചാരണം നൽകുകയും ചെയ്താൽ ദക്ഷിണേന്ത്യയിലെ  ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രമായി ഇവിടം മാറുമെന്നാണ് റിയൽ എസ്റ്റേറ്റ് വിദഗ്ധരുടെ   വിലയിരുത്തൽ. ഈ സാധ്യതകൾ മുൻകൂട്ടിക്കണ്ട് സ്ഥലമിടപാടുകൾക്ക് ഇവിടെ ചൂടുപിടിച്ചിട്ടുണ്ട്. താമസസ്ഥലങ്ങൾക്കൊപ്പം വാണിജ്യാവശ്യങ്ങൾക്കുള്ള സ്ഥലങ്ങൾക്കും നല്ല ഡിമാൻഡ്  ഉണ്ടെന്ന് റിയൽ എസ്റ്റേറ്റ് ഏജൻറുമാർ സാക്ഷ്യപ്പെടുത്തുന്നു.